പുനലൂര്‍: പൈപ്പു പൊട്ടൽ നഗരത്തിൽ വ്യാപകമായതോടെ ശക്തമായ നടപടിയുമായി വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ. നഗരസഭാപ്രദേശത്ത് വെള്ളമെത്തിക്കുന്ന പുനലൂര്‍ ജലവിതരണ പദ്ധതിയുടെ, കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ സ്ഥാപിച്ചിട്ടുള്ള പഴയ വിതരണക്കുഴലുകള്‍ മാറ്റിസ്ഥാപിക്കുമെന്ന് വാട്ടർഅഥോറിറ്റി അധികൃതര്‍ അറിയിച്ചു.
പൈപ്പുപൊട്ടി നിരന്തരം ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തിലാണിത്. കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ മലയോര ഹൈവേയിലെ വെട്ടിപ്പുഴ പാലം മുതല്‍ ദേശീയപാതയില്‍ ആശുപത്രി ജംഗ്ഷൻവരെ 350 മീറ്റര്‍ ദൂരത്തിലാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കാന്‍ പദ്ധതി തയാറാക്കുന്നത്.
നഗരത്തില്‍ ഇത്രയും ദൂരത്ത് പഴയ ആസ്ബസ്റ്റോസ് സിമന്റ് (എസി) പൈപ്പുകളാണ് അവശേഷിക്കുന്നത്. ഇതുമാറ്റി കൂടുതല്‍ ഉറപ്പുള്ള ഡെക്ടൈല് അയണ്‍ (ഡിഐ) പൈപ്പുകളോ പിവിസി പൈപ്പുകളോ സ്ഥാപിക്കാനാണ് ആലോചിക്കുന്നതെന്നും അടിയന്തരമായി അടങ്കല്‍ തയാറാക്കി അനുമതിക്ക് സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അരനൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച 200 മില്ലീമീറ്റര്‍ വ്യാസമുള്ള എസി പൈപ്പുകളാണ് നിലവില്‍ ദേശീയപാതയ്ക്ക് അടിയിലുള്ളത്. വര്‍ഷങ്ങളായി റോഡ് പുനരുദ്ധരിക്കുകയും വീതികൂട്ടുകയും ചെയ്തതോടെ പൈപ്പുകള്‍ റോഡിന്റെ മധ്യത്തിലാവുകയും കൂടുതല്‍ ആഴത്തിലേക്ക് പോകുകയും ചെയ്തു. അടിക്കടി ചോര്‍ച്ചയുണ്ടാവുന്ന ഇവിടെ ഓരോ തവണയും റോഡ് വെട്ടിക്കുഴിക്കേണ്ട സ്ഥിതിയുണ്ട്.
ഇത് ഗതാഗതപ്രശ്നങ്ങള്‍ക്കും റോഡിന്റെ ഗുണനിലവാരവും ആയുസും കുറയുന്നതിനും ഇടയാക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഇത്രയും ദൂരത്തെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
വെട്ടിപ്പുഴ പാലം മുതല്‍ ആശുപത്രി ജംഗ്ഷന്‍വരെ മിക്കഭാഗങ്ങളിലും നേരത്തതെന്ന കാസ്റ്റ് അയണ്‍ (സിഐ) പൈപ്പുകളോ ഡിഐ പൈപ്പുകളോ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. നാലുദിവസം മുമ്പ് ദേശീയപാതയിലെ ചോര്‍ച്ച പരിശോധിക്കാനെത്തിയ സി. അജയപ്രസാദ് എംഎല്‍എയും പൈപ്പുകൾ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനാവശ്യമായ നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.